വിഴിഞ്ഞം: മതിയായ രേഖകളില്ലാതെ അഭയാർഥിയായി ഇന്ത്യയിൽ കഴിഞ്ഞതിനു കോവളം പൊലിസ് കസ്റ്റഡിയിൽ എടുത്ത റഷ്യൻ സ്വദേശി അന്നാ അൽക്കസീവയെ അറസ്റ്റ് ചെയ്ത് റിമാൻഡു ചെയ്തു. ഇവരെക്കുറിച്ച് എഫ്ആർആർഒ അന്വേഷണം ആരംഭിച്ചു.
വർഷങ്ങൾക്കുമുൻപ് ഇന്ത്യയിൽ എത്തുമ്പോൾ റഷ്യൻ പാസ്പോർട്ട് ഉണ്ടായിരുന്നതായും ഭർത്താവായ ഗോവൻ സ്വദേശി പീറ്റർ എന്നയാൾ നശിപ്പിച്ച് കളഞ്ഞതായും ഇവർ പറയുന്നുണ്ടെങ്കിലും കൃത്യമായ തെളിവില്ലാത്തതും അന്വേഷണ ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. രേഖകൾ നഷ്ടപ്പെട്ടതോടെ നാട്ടിലേക്കുപോകാൻ തയാറായി യുണൈറ്റഡ് നേഷൻസ് കൗൺസിൽസ് ഫോർ റഫ്യൂജീസ് ഫോറത്തിൽ രജിസ്റ്റർ ചെയ്തതായും ഇവർ പറയുന്നു. എന്നാൽ അംഗീകൃത ഏജൻസികളായ ഇമിഗ്രേഷൻ, റഷ്യൻ എംബസി, എഫ്ആർആർഒ എന്നിങ്ങനെയുള്ളവരെ സമീപിക്കാത്തതിലും സംശയത്തിന് വഴിതെളിയിക്കുന്നുണ്ട്.
15 ദിവസത്തെ റിമാൻഡിലായ അന്നയെ കാലാവധി കഴിയുന്ന മുറയ്ക്കു നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിച്ചതായറിയുന്നു. നാട്ടിലേക്കു പറഞ്ഞയക്കുന്നവർ തിരികെ വരാത്തതിനാൽ എഫ്ആർആർഒ നിശ്ചയിക്കുന്ന പിഴത്തുക ഒടുക്കി കേസ് അവസാനിപ്പിച്ചശേഷം വിമാനം കയറ്റാനും സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. പാസ്പോർട്ടോ വിസയോ ഇല്ലാതെ ആധാർ കാർഡിന്റെ പിൻബലത്തിൽ ഇന്ത്യയിൽ തങ്ങിയ അന്ന മാർച്ചിലാണ് കോവളത്ത് എത്തിയത്. ഇവരെ രഹസ്യമായി താമസിപ്പിച്ച കോവളം ഗ്രോ ബീച്ചിലെ സ്റ്റേ ഹോം ഉടമ ഹുസൈനെതിരെയും പൊലിസ് കേസെടുത്തു. വർഷങ്ങളായി ഇയാൾ കെട്ടിടത്തിനു കൊമേഴ്സ്യൽ ടാക്സ് അടക്കുന്നില്ലെന്നും അധികൃത കണ്ടെത്തി. ഇതിനെല്ലാം കർശന നടപടിയുണ്ടാകുമെന്ന് കോവളം സിഐ ശ്രീകുമാർ അറിയിച്ചു.